Society Today
Breaking News

കൊച്ചി:സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപഌവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭം നേടിയതായി കെ.എം.ആര്‍.എല്‍. 2017 ജൂണില്‍ സര്‍വ്വീസ് ആരംഭിച്ച കൊച്ചി മെട്രോ തുടര്‍ച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷല്‍ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷല്‍ പ്രോഫിറ്റ് നേടാനും 202223 സാമ്പത്തിക വര്‍ഷത്തില്‍ സാധ്യമായി. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ  കാലത്തിനുള്ളില്‍ ഓപ്പറേഷണല്‍ ലാഭത്തിലെത്താന്‍ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണില്‍ 59894 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറില്‍ എണ്ണം 52254 ആയി ഉയര്‍ന്നു. 2018ല്‍ യാത്രക്കാരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് മുകളില്‍ പോയില്ല. എന്നാല്‍ 2019 ഒക്ടോബറിനും ഡിസംബറിനുമിടയില്‍ അറുപതിനായിരത്തിലധികം പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു.

മറ്റെല്ലാ മേഖലയും പോലെ കൊച്ചി മെട്രോയെയും കൊവിഡ് പ്രതിസന്ധിയിലാക്കി. കൊവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. കൊവിഡിന് ശേഷം 2021 ജൂലൈയില്‍ യാത്രക്കാരുടെ എണ്ണം 12000 ആയി ഉയര്‍ന്നു. പിന്നീട് കെഎംആര്‍എല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടര്‍ച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു. 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80000 കടക്കുകയും പിന്നീട് സ്ഥരിതയോടെ ഉയര്‍ന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന ഫെയര്‍ ബോക്‌സ് വരുമാനം ഉയരുന്നതിനും സഹായകരമായി. 202021 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയര്‍ ബോക്‌സ് വരുമാനം 202223 സാമ്പത്തിക വര്‍ഷത്തില്‍ 75.49 കോടി രൂപയിലേക്കുയര്‍ന്നു. 202021 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 485 ശതമാനം വര്‍ദ്ധനവാണിത്.

നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനത്തിനും മികച്ച വളര്‍ച്ചയാണുണ്ടായത്. നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനം 202021 സാമ്പത്തിക വര്‍ഷം 41.42 കോടി രൂപയില്‍ നിന്ന് 202223 വര്‍ഷത്തില്‍ 58.55 കോടി രൂപയായി ഉയര്‍ന്നു. അതായത് ഫെയര്‍ ബോക്‌സ്, നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനങ്ങള്‍ കൂട്ടുമ്പോള്‍ 202021 വര്‍ഷത്തിലെ ഓപ്പറേഷണല്‍ റവന്യു 54.32 കോടി രൂപയില്‍ നിന്ന് 202223 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നു. 145 ശതമാനം വളര്‍ച്ചയാണിത്. 2022-23 വര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ രണ്ട് സ്‌റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 202021 വര്‍ഷത്തേക്കാള്‍ ഏകദേശം 15 ശതമാനം വര്‍ദ്ധനവ് മാത്രമാണ് പ്രവര്‍ത്തന ചെലവില്‍ വന്നിരിക്കുന്നത്. വിവിധ ചെലവ് ചുരുക്കല്‍ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 56.56 കോടി രൂപയില്‍ നിന്ന് 20212022 ല്‍ ഓപ്പറേഷല്‍ ലോസ് 34.94 കോടി രൂപയിലേക്ക് കുറയ്ക്കാന്‍ കെഎംആര്‍എല്ലിന് സാധിച്ചിരുന്നു. തുടര്‍ച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷല്‍ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷല്‍ പ്രോഫിറ്റ് നേടാനും 202223 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് സാധ്യമായി. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ  കാലത്തിനുള്ളില്‍ ഓപ്പറേഷണല്‍ ലാഭത്തിലെത്താന്‍ സാധിച്ചുവെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. ഈ നേട്ടത്തില്‍ കെഎംആര്‍എല്ലിനെ ബോര്‍ഡ് അംഗങ്ങളും അഭിനന്ദിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയതും സെല്‍ഫ് ടിക്കറ്റിംഗ് മഷീനുകള്‍ സ്ഥാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കാന്‍  സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു.  യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നത് വഴിയും കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു.  പ്രവര്‍ത്തനമാരംഭിച്ച് കുറഞ്ഞ കാലയളവില്‍ ഒപ്പേറഷണല്‍  പ്രോഫിറ്റ് എന്ന ഈ നേട്ടം കെഎംആര്‍എല്ലിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമാണെന്ന് മാനേജിങ് ഡയറക്ടര്‍  ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു . സംസ്ഥാന സര്‍ക്കാരാണ് ലോണുകളും മറ്റ് നികുതികളും അടയ്ക്കുന്നത്. ഫെയര്‍ ബോക്‌സ്, നോണ്‍ ഫെയര്‍ ബോക്‌സ് റവന്യു വര്‍ദ്ധിപ്പിക്കുക വഴി കൂടുതല്‍ ലാഭം നേടി ലോണുകളുടെ തിരിച്ചടവിന് സര്‍ക്കാരിനെ സഹായിക്കുവാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.  ഡിസംബര്‍ജനുവരി മാസത്തില്‍ തൃപ്പൂണിത്തുറ സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവര്‍ത്തികമാകുമ്പോള്‍ ഫെയര്‍ ബോക്‌സ്, നോണ്‍ ഫെയര്‍ ബോക്‌സ് റവന്യുവില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നത് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

#kmrl #kochimetro
 

Top